പാക്കിസ്ഥാനിൽ ഖനി തൊഴിലാളികൾക്ക് നേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഡുകി ജില്ലയിലെ കൽക്കരി ഖനിയിലെ താമസസ്ഥലങ്ങളിൽ തോക്കുധാരികൾ അതിക്രമിച്ച് കയറുകയും അവരെ വളയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥൻ ഹമയൂൺ ഖാൻ നാസിർ വെളിപ്പെടുത്തുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂൺ സംസാരിക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. മരിച്ചവരിൽ മൂന്ന് പേരും പരിക്കേറ്റവരിൽ നാല് പേരും അഫ്ഗാൻകാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പലപ്പോഴും സാധാരണക്കാരെയും സുരക്ഷാ സേനയെയും ലക്ഷ്യമിടുന്ന നിരോധിത ബലൂച് ലിബറേഷൻ ആർമിയിൽ നിന്നുള്ളവരാകാൻ സാധ്യതയുണ്ട് എന്ന സംശയം സുരക്ഷാ സേന ഉയർത്തുന്നു.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഉടൻ നടപടികൾ സ്വീകരിക്കാൻ പൊലീസിന് ഉന്നതാധികാരികൾ നിർദ്ദേശം നൽകി. തലസ്ഥാനത്ത് ഒരു പ്രധാന സുരക്ഷാ ഉച്ചകോടിക്ക് ദിവസങ്ങൾക്ക് മുമ്പ് നടക്കുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഏറ്റവും പുതിയ ആക്രമണമാണിത്. ആയുധധാരികളായ സംഘം ഓഗസ്റ്റിൽ നടത്തിയ നിരവധി ആക്രമണങ്ങളിൽ അൻപതോളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.