ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസി കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി ഡിസംബർ അഞ്ചിന് പരിഗണിക്കും. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഗ്യാൻവാപി പള്ളി അങ്കണത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന വിഗ്രഹങ്ങൾക്ക് നിത്യപൂജ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹിന്ദു വിഭാഗത്തിന്റെ വാദത്തിനെതിരായ ഹർജി തള്ളിയ വാരാണസി കോടതി ഉത്തരവാണ് മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്തിരിക്കുന്നത്. അഖില ലോക് സനാഥൻ സംഘിന്റെ പ്രതിനിധികൾ എന്നവകാശപ്പെടുന്ന അഞ്ചു സ്ത്രീകൾ ചേർന്ന് 2022 ൽ പള്ളിയുടെ പുറം മതിലിലുള്ള ബിംബങ്ങളുടെ പൂജയും ആരാധനയും നടത്താൻ അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്.
പതിനാറാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം തകർത്ത് മുഗൾ ചക്രവർത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്നാണ് മസ്ജിദിനു മേലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഗ്യാൻവാപി മസ്ജിദിന്റെ ഘടനയെക്കുറിച്ച് അന്വേഷിക്കാൻ വാരണാസിയിലെ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ) യോട് നിർദ്ദേശിക്കുകയായിരുന്നു.
പള്ളിയിൽ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിർണ്ണയിക്കാൻ കാർബൺ പരിശോധന ആവശ്യപ്പെട്ടുള്ള ഹർജി കീഴ്‌ക്കോടതി തള്ളിയത് ചോദ്യം ചെയ്തുള്ള ഹർജിയും ഹൈക്കേടതി ജനുവരിയിലേക്ക് മാറ്റി.