മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വാഹനമായ ‘ജിംനി 5 ഡോർ’ പതിപ്പ് സായുധ സേനയുടെ പരിഗണനയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സേന ആഗ്രഹം പ്രകടിപ്പിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മാരുതി സുസുക്കിയുടെ ജിപ്സിയാണ് നിലവില്‍ സായുധ സേന ഉപയോഗിക്കുന്നത്.
‘ജിംനി 5 ഡോർ’ പതിപ്പ് ജൂണ്‍ ഏഴിന് വിപണിയിലെത്തും. ഇന്ത്യൻ ജീവിതശൈലി ഉപഭോക്താവിനെ മനസ്സിൽ വെച്ചുകൊണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്തത വാഹനം വിപണി കിഴടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിംനി5 എത്തുന്നതോടെ സായുധ സേനയില്‍ ജിപ്സിക്ക് പകരക്കാരന് എത്തുമെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍ സേനയുടെ ആവശ്യകതകൾക്കനുസരിച്ച് വാഹനത്തില്‍ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വരുമെന്നും കമ്പനി പറയുന്നു. പൊതുവിപണിയിൽ വിൽപന ആരംഭിച്ചതിന് ശേഷം സേനയ്ക്കായുള്ള ജിംനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. കൂടാതെ ഏതുതരത്തിലുള്ള മാറ്റം വരുത്തണമെന്നും
പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. കരുത്തുറ്റ പെട്രോൾ എഞ്ചിൻ, ഓഫ്-റോഡ് ശേഷി, ഉയർന്ന ഇന്ധനക്ഷമത എന്നിവയാണ് ജിംനിയെ സായുധ സേനയോട് അടുപ്പിക്കുന്നത്.