Sunday, November 24, 2024

ഹെയ്തിയില്‍ രണ്ടുലക്ഷത്തോളം കുട്ടികള്‍ കുടിയൊഴിപ്പിക്കപ്പെട്ടു: യൂണിസെഫ്

ഹൈയ്തിയിലെ നിലവിലെ അക്രമമങ്ങളും, പോഷകാഹാരക്കുറവും, അടിസ്ഥാനസൗകര്യങ്ങളുടെ കുറവും തുടര്‍ന്നാല്‍ രണ്ടായിരത്തിഇരുപത്തിനാലില്‍ മുപ്പത് ലക്ഷത്തോളം കുട്ടികള്‍ക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് യൂണിസെഫ് പത്രക്കുറിപ്പ്.

ഹൈറ്റിയിലെ അക്രമങ്ങളും സംഘര്‍ഷങ്ങളും ശക്തമായ മാനവികപ്രതിസന്ധിയാണ് ഉയര്‍ത്തുന്നതെന്നും, നിലവില്‍ ഒരുലക്ഷത്തി എഴുപതിനായിരം കുട്ടികള്‍ സ്വഭവനങ്ങള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ ശിശുക്ഷേമനിധി കുറ്റപ്പെടുത്തി.

ഫെബ്രുവരി ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിക്കലാണ് കരീബിയന്‍ രാജ്യമായ ഹെയ്തിയിലെ ദുഃസ്ഥിതിയെക്കുറിച്ച് യൂണിസെഫ് പരാമര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് കുടിയൊഴിക്കപ്പെട്ടവരുടെ എണ്ണം ഇരട്ടിയോളമായെന്ന് ശിശുക്ഷേമനിധി കുറ്റപ്പെടുത്തി.

നിലവിലെ കണക്കുകള്‍ പ്രകാരം 2024 ജനുവരി-യോടെ സ്വഭവനങ്ങള്‍ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നവരുടെ എണ്ണം മൂന്നുലക്ഷത്തിപ്പതിനാലായിരമാണ്. ഇവരില്‍ ഭൂരിഭാഗവും തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍നിന്നുള്ളവരാണ്. പകുതിയോളം പേര് കുട്ടികളും. തലസ്ഥാനത്തെ സോളിനോ, ഗെബെലിസ്‌തേ പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തെ സംഘര്‍ഷങ്ങള്‍ മൂലം ഏതാണ്ട് രണ്ടായിരത്തിഅഞ്ഞൂറ് പേരാണ് സ്വഭവനങ്ങള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ഹെയ്തിയിലെ കുട്ടികളും കുടുംബങ്ങളും അതിശക്തമായ അക്രമപരമ്പരകള്‍ക്കാണ് വിധേയരാകുന്നതെന്നും, നിരവധിയാളുകള്‍ കൊലചെയ്യപ്പെട്ടുവെന്നും, നിരവധി ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും, യൂണിസെഫ് പ്രതിനിധി ബ്രൂണോ മേസ് പ്രസ്താവിച്ചു. ആളുകള്‍ക്ക് ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസസൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്നില്ലെന്നും, ശക്തമായ മാനവികതകര്‍ച്ചയാണ് നമ്മുടെ കണ്മുന്‍പിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധസംഘര്‍ഷങ്ങളില്‍ നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും, നിരവധി പേര്‍ മരണമടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സായുധസംഘങ്ങള്‍ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിസെഫ് തങ്ങളുടെ സഹസംഘടനകളുമായി ചേര്‍ന്ന്, ദുരിതപൂര്‍ണ്ണമായ അവസ്ഥയിലായ സാധാരണ ജനതയ്ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് സഹായസഹകരണങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രതിനിധി പ്രസ്താവിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

Latest News