ഹെയ്തിയിലെ സാധാരണ ജനജീവിതം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് മാനുഷികസഹായം ആവശ്യമുണ്ടെന്നും വെളിപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിലാണ് ഹെയ്തിയിലെ ജനങ്ങൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്.
രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ തോത് ആയിരം വട്ടം വർധിച്ചുവെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ അറിയിച്ചു. ഇതുകൂടാതെ, നിലവിൽ വിവിധ സായുധസംഘങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അവരിൽ 30 മുതൽ 50% വരെ അംഗങ്ങൾ കുട്ടികളാണെന്നും പല കുട്ടികളും സന്ദേശവാഹകരായും ലൈംഗിക അടിമകളായും ഭക്ഷണം തയ്യാറാക്കുന്നവരായും ജോലിചെയ്യാൻ നിർബന്ധിതരാകുകയാണെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ വ്യക്തമാക്കി.
ഹെയ്തിയിൽ 30 ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ 50 ലക്ഷത്തോളം ആളുകൾക്ക് മാനുഷികസഹായം ആവശ്യമാണ്. ഇവരിൽ നല്ലൊരു ഭാഗവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മൂന്നര ലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ ഏഴുലക്ഷത്തോളം ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായി ക്യാമ്പുകളിൽ കഴിയുന്നുണ്ടന്ന് ശ്രീമതി റസ്സൽ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
സായുധസംഘങ്ങളുടെ നിയന്ത്രണത്തിലായിരിക്കുന്ന വിവിധയിടങ്ങളിൽ സന്നദ്ധ സേവനസംഘങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന് ശിശുക്ഷേമനിധി അറിയിച്ചു. 16 ലക്ഷം കുട്ടികളും സ്ത്രീകളുമുൾപ്പെടെ 27 ലക്ഷത്തോളം ആളുകൾ ഇത്തരം പ്രദേശങ്ങളിലാണ് താമസിക്കുന്നത്.