ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഹമാസും മറ്റ് പാലസ്തീനിയന്‍ ഭീകരസംഘടനകളും നൂറുകണക്കിന് യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട്. ഇസ്രായേലികള്‍ക്കെതിരെ ബോധപൂര്‍വവും വിവേചനരഹിതവുമായ ആക്രമണങ്ങളാണ് നടന്നതെന്ന് അസോസിയേഷന്‍ ഡയറക്ടര്‍ ബെല്‍കിസ്വില്ലെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകം, മനുഷ്യത്വരഹിതമായ പെരുമാറ്റം, ലൈംഗികാതിക്രമം, ബന്ദിയാക്കല്‍, മൃതദേഹങ്ങള്‍ വികൃതമാക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പാലസ്തീന്‍ തീവ്രവാദികള്‍ ചെയ്തിട്ടുണ്ട്. ഹമാസായിരുന്നു ആക്രമണത്തിന്റെ സംഘാടകര്‍. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള മറ്റ് ഭീകര സംഘടനകളും ആക്രമണത്തില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭീകരര്‍ ഇസ്രയേലികള്‍ക്ക് നേര്‍ക്ക് നടത്തിയ ലൈംഗികപീഡനത്തിന്റെ തെളിവും റിപ്പോര്‍ട്ടിലുണ്ട്. കുറഞ്ഞത് മൂന്നു സ്ഥലങ്ങളിലെങ്കിലും ബലാത്സംഗങ്ങള്‍ അരങ്ങേറി. ഇരകളില്‍ പലരും കൊല്ലപ്പെട്ടതിനാല്‍ ലൈംഗികപീഡനങ്ങളുടെ കൃത്യമായ വ്യാപ്തി നിശ്ചയിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പക്ഷപാതത്തോടെയുള്ള നുണകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും തള്ളിക്കളയുകയാണെന്നും ഹമാസ് പ്രതികരിച്ചു.