അതിര്‍ത്തി കടന്ന മാരകമായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെ തെക്കന്‍ ഗാസയിലെ റാഫ നഗരം ഇസ്രായേല്‍ തകര്‍ത്തു. ഞായറാഴ്ച ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള എന്‍ക്ലേവിലെ ആരോഗ്യ അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള അവസാനവട്ട ചര്‍ച്ചകള്‍ അവസാനിച്ച സാഹചര്യത്തിലാണ് ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് പത്ത് സൈനികര്‍ ആശുപത്രിയില്‍ തുടരുകയാണെന്നും എത്രനാള്‍ ക്രോസിങ് അടച്ചിടുമെന്ന് വ്യക്തമല്ലെന്നും ഇസ്രായേലിന്റെ ചാനല്‍ 12 ടിവി പറഞ്ഞു. അതേസമയം ആഴത്തിലുള്ളതും ഗൗരവമേറിയതുമായ ചര്‍ച്ചകള്‍ക്കിടയിലും ഹമാസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഇസ്രായേല്‍ വീണ്ടും നിരസിച്ചതായി ഹമാസ് ഞായറാഴ്ച പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് പാശ്ചാത്യ ഉദ്യോഗസ്ഥരും ഒന്നിലധികം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഗാസയിലെ ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ റാഫയില്‍ സൈനിക ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു തീരുമാനമെടുക്കുകയായിരുന്നു. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍ ഹമാസിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ റാഫ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ഇസ്രായേല്‍ പറഞ്ഞു.
അതേസമയം യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി വില്യം ബേണ്‍സ് തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ കാണുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.