Saturday, April 5, 2025

ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ കമാൻഡർ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം സഫേദ് നഗരത്തിൽ നിരവധി ഇസ്രായേലി സൈനികരെ കൊല്ലുകയും പരിക്കേൽപിക്കുകയും ചെയ്ത റോക്കറ്റ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച തീവ്രവാദിയായ ഹസ്സൻ ഫർഹത്ത് ആണ് കൊല്ലപ്പെട്ടത്. ഹമാസ് പോരാളികൾ ‘എവിടെ പ്രവർത്തിച്ചാലും’ അവർക്കെതിരെ നടപടിയെടുക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തതിനു പിന്നാലെയായിരുന്നു ആക്രമണം.

തെക്കൻ ലെബനൻ നഗരമായ സിഡോണിൽ നടന്ന ആക്രമണത്തിൽ ഫർഹത്തും മകനും മകളും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. സിഡോണിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് ഫർഹത്ത് കൊല്ലപ്പെട്ടതെന്ന് ഹമാസിന്റെ സായുധവിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകൾ പറഞ്ഞു. അതേസമയം, വർഷങ്ങളായി ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിന് അദ്ദേഹം നൽകിയ സംഭാവനകളെ ഹമാസ് പ്രശംസിക്കുകയും ചെയ്തു.

ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഒരു പ്രസ്താവനയിൽ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഹമാസും ഹിസ്ബുള്ളയും സഖ്യകക്ഷികളാണ്. 2023 ലാണ് പലസ്തീൻ ഗ്രൂപ്പിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹിസ്ബുള്ള ഇസ്രായേലിനെതിരെ അതിർത്തി കടന്നുള്ള ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ലെബനനിൽ ഇസ്രായേൽ നടത്തിയ ഒരു പ്രധാന വ്യോമ-കര ആക്രമണത്തിലൂടെയാണ് ഇസ്രായേൽ ഇതിനു മറുപടി നൽകിയത്. അതിൽ ഹിസ്ബുള്ള നേതൃത്വത്തിന്റെ ഭൂരിഭാഗവും കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News