ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിരി ബിബാസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് ഇസ്രായേലിനു കൈമാറി. ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് ഷിരിയുടെ യഥാർഥ മൃതദേഹം റെഡ്ക്രോസുവഴി വിട്ടുനൽകിയത്.
നേരത്തെ കൈമാറിയ നാലു മൃതദേഹങ്ങളിൽ ഷിരിയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർഥ മൃതദേഹം കൈമാറിയത്.
ഹമാസ് നേരത്തെ അവകാശപ്പെട്ടതുപോലെ ഇസ്രയേൽ വ്യോമാക്രമണത്തിലല്ല ഷിരി ബിബാസ് മരിച്ചതെന്ന് ഷിരി ബിബാസിന്റെ മൃതദേഹം തിരിച്ചറിഞ്ഞ ഫോറൻസിക് സംഘം സ്ഥിരീകരിച്ചു.
“സങ്കൽപിക്കാൻ കഴിയാത്ത തിന്മയുടെയും വിദ്വേഷത്തിന്റെയും ആഴം ഞങ്ങൾ കണ്ടു” – നാഷണൽ സെന്റർ ഫോർ ഫോറൻസിക് മെഡിസിനിൽനിന്നുള്ള പ്രമുഖ ഫോറൻസിക് ശാസ്ത്രജ്ഞനായ ഡോ. ചെൻ കുഗൽ ശനിയാഴ്ച പറഞ്ഞു. “ഞങ്ങളുടെ പരിശോധനയിൽ ബോംബിൽനിന്നുള്ള പരിക്കുകളുടെ തെളിവുകളൊന്നും കണ്ടെത്തിയില്ല.”
ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു 32 കാരിയായ ഷിരി ബിബാസും മക്കളും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിച്ച് അവിടെനിന്നും തട്ടിക്കൊണ്ടുപോയ ഷിറി ബിബാസ്, മക്കളായ ഒന്‍പതുമാസം മാത്രം പ്രായമുണ്ടായിരുന്ന കഫിര്‍, നാലുവയസ്സുകാരന്‍ ഏരിയല്‍ എന്നിവരുടെയും 84 കാരനായ ഒദെദ് ലിഫ്ഷിറ്റ്സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം ഖാന്‍ യൂനിസില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഹമാസ് മൃതദേഹങ്ങൾ വിട്ടുനല്‍കിയത്.