19 മാസമായി ഗാസയിൽ ഹമാസിന്റെ തടവിലായിരുന്ന ഇസ്രായേലി-അമേരിക്കൻ ബന്ദിയായ എഡാൻ അലക്സാണ്ടർ ഇസ്രായേലിലെ തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. 2023 ഒക്ടോബർ ഏഴിന് ഗാസ അതിർത്തിയിൽ ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 21 കാരനായ എഡാൻ അലക്സാണ്ടർ ഹമാസ് തീവ്രവാദികളുടെ പിടിയിലാവുന്നത്. ഹമാസിന്റെ തടവിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ യു എസ് പൗരനാണെന്നു കരുതപ്പെടുന്ന വ്യക്തിയാണ് എഡാൻ അലക്സാണ്ടർ. അതേസമയം ഇസ്രായേൽ, തിങ്കളാഴ്ച ഗാസയിലെ സൈനികപ്രവർത്തനങ്ങൾ ഏതാനും മണിക്കൂറുകൾ താൽക്കാലികമായി നിർത്തിവച്ചു.
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൊവ്വാഴ്ചത്തെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനു മുന്നോടിയായി പുതിയ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഒരു നല്ല മനോഭാവപ്രകടനമായും ഈ മോചനം ഉദ്ദേശിച്ചതായി ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ബി ബി സി യോടു പറഞ്ഞു. അലക്സാണ്ടർ മോചിതനായതിൽ പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ കുടുംബത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.
ഇസ്രായേലി സൈനികതാവളത്തിൽ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ചു പുഞ്ചിരിക്കുന്ന എഡാൻ അലക്സാണ്ടറിന്റെ ചിത്രങ്ങളാണ് വാർത്തകളിൽ നിറയുന്നത്.