Sunday, November 24, 2024

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്

ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. നേരത്തെ ഹമാസിന്റെ സൈനിക വിഭാഗത്തെ ന്യൂസിലാന്‍ഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ രാഷ്ട്രീയ വിഭാഗത്തെ കൂടി ഭീകര സംഘടന എന്ന നിര്‍വ്വചനത്തിന് കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍.

ഒക്ടോബറില്‍ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ക്രൂരമായിരുന്നുവെന്നും ഞങ്ങള്‍ അവയെ അസന്നിഗ്ദ്ധമായി അപലപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബറിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഹമാസിനാണെന്നും, ഗ്രൂപ്പിന്റെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ന്യൂസിലാന്‍ഡ് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് പറഞ്ഞു.

ഇതോടു കൂടി ന്യൂസിലന്‍ഡില്‍ ഹമാസുമായി ബന്ധമുള്ള ആസ്തികള്‍ മരവിപ്പിക്കുകയും എല്ലാ തരത്തിലുമുള്ള സഹായങ്ങള്‍ നല്‍കുന്നത് നിരോധിക്കുകയും ചെയ്യും. അതേസമയം, തീരുമാനം ഗാസയിലെ സാധാരണക്കാരെയോ അവര്‍ക്ക് നല്‍കുന്ന സഹായത്തെയോ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ വ്യക്തമാക്കി.

നേരത്തെ ഹമാസിന്റെ സൈനിക വിഭാഗമായ ഖാസം ബ്രിഗേഡിനെ ന്യൂസിലന്‍ഡ് 2010ല്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആയതിനാല്‍ ഹമാസിനെ പൂര്‍ണമായും ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല.

 

Latest News