ദ്വിരാഷ്ട്രം നടപ്പാക്കിയാല്‍ ആയുധം താഴെയിടുമെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ഹയ്യ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ഇസ്രായേലുമായി അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നീണ്ട കരാര്‍ അംഗീകരിക്കാനും തയ്യാറാണെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്താംബൂളില്‍ എപിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖലീല്‍ അല്‍ഹയ്യയുടെ അഭിപ്രായപ്രകടനം. ഗസയ്ക്കും വെസ്റ്റ് ബാങ്കിനുമായി ഒരു ഏകീകൃത സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കെടുക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വഴിയൊരുക്കാന്‍ എല്ലാ ബന്ദികളെയും വിട്ടയയ്ക്കാന്‍ തയാറാകണമെന്ന് അമേരിക്കയും മറ്റ് 17 രാജ്യങ്ങളും ഹമാസിനോട് അഭ്യര്‍ഥിച്ചു.
അമേരിക്കയ്ക്കു പുറമെ അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോളണ്ട്, പോര്‍ച്ചുഗല്‍, റുമേനിയ, സെര്‍ബിയ, സ്‌പെയിന്‍, തായ്ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഈ അഭ്യര്‍ഥന നടത്തിയത്.