ഈദുൽ ഫിത്തർ വേളയിലെ വെടിനിർത്തൽ പ്രമാണിച്ച് യു എസ് പൗരനും ഇസ്രായേൽ സൈനികനുമായ ഏഡൻ അലക്സാണ്ടർ ഉൾപ്പെടെയുള്ള നിരവധി ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റർ കെ എ എൻ റിപ്പോർട്ട് ചെയ്തതുപ്രകാരമാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ, ബന്ദികളുടെ ഒരു പ്രത്യേക സംഘത്തെ മോചിപ്പിക്കുന്നതിനുള്ള ഹമാസിന്റെ വ്യവസ്ഥകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അലക്സാണ്ടറുടെ മോചനത്തിനായി ഇടനിലക്കാർവഴി അമേരിക്ക ഹമാസിനു സന്ദേശം കൈമാറിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കെ എ എൻ റിപ്പോർട്ട് പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള സൂചനയായിട്ടാണ് ഖത്തർ ഹമാസിന് സന്ദേശം കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അലക്സാണ്ടറെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം, വെടിനിർത്തൽ നീട്ടാനുള്ള യു എസ് നിർദേശത്തിൽ നിന്ന് ഹമാസ് വ്യതിചലിച്ചതായി ഇസ്രായേൽ മുൻപ് ആരോപിച്ചിരുന്നു.
ഒരാഴ്ച മുമ്പ്, വായുവോ, സൂര്യപ്രകാശമോ ഇല്ലാതെ ഒരു ഭൂഗർഭ തുരങ്കത്തിൽ തടവിൽനിന്നും മോചിപ്പിക്കപ്പെട്ട ബന്ദികൾ, തടവിൽകഴിയുന്ന അലക്സാണ്ടറിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഭക്ഷണത്തിന്റെ അഭാവം മൂലം അദ്ദേഹം കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും ക്രമാതീതമായി ഭാരം കുറഞ്ഞതായും അവർ പറഞ്ഞു. പലരീതിയിലും അദ്ദേഹം ഉപദ്രവിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.