കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ കരാറിനുമുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതിനു ഹമാസ് വിസമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാസ ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച് ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ഈ വെടിനിർത്തലിനെ മറവിയിലേക്കു തള്ളി എന്നർഥമില്ല. മറിച്ച് ഹമാസ് വീണ്ടും ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു. ഹമാസിൻ്റെ വിസമ്മതം കഴിഞ്ഞ ഒന്നര ആഴ്‌ചയിലെ സംഭവങ്ങൾക്ക് മുമ്പാണ് സംഭവിച്ചത്. ഈ സമയത്ത് ഇസ്രായേൽ ലെബനനിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിക്കുകയും ഹിസ്ബുള്ളയുടെ നേതൃത്വത്തെയും അടിസ്ഥാന സൗകര്യങ്ങളെയും പോരാളികളെയും ആക്രമിക്കുകയും ചെയ്തു.
വെടിനിർത്തൽ സാധ്യമാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ കൊണ്ടുവന്നിട്ടും ഹമാസ് ചർച്ചകളിൽ ഏർപ്പെടാൻ വിസമ്മതിക്കുകയായിരുന്നു എന്നു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് കൂട്ടിച്ചേർത്തു. “കഴിഞ്ഞ ഏതാനും ആഴ്ചകളായി ചർച്ചകളിൽ പങ്കെടുക്കാൻ ഹമാസ് തയ്യാറായില്ല. ഈ വെടിനിർത്തൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷേ ഇത് അമേരിക്കയുടെയോ മേഖലയിലെ ഞങ്ങളുടെ പങ്കാളികളുടെയോ ഒരു ശ്രമത്തിൻ്റെയും കുറവുകൊണ്ടല്ല. വർഷങ്ങളായി ഇറാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദ സംഘടനയുടെ വിസമ്മതം മൂലമാണ്. ചർച്ചയിലേക്ക് വരാൻ അവർ വിസമ്മതിച്ചു”- മില്ലർ പറഞ്ഞു.
ഗാസ ആസ്ഥാനമായുള്ള തീവ്രവാദ സംഘടന ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥരുമായി ഇടപഴകുന്നത് നിർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും ആഴ്‌ചകളായി മധ്യസ്ഥരുമായി അർത്ഥവത്തായ രീതിയിൽ ഇടപെടാൻ ഹമാസ് തയ്യാറാകാത്തതാണ് വെടിനിർത്തൽ കരാറിലേക്ക് നീങ്ങുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നത് എന്നും മില്ലർ വ്യക്തമാക്കി.