ഇസ്രായേൽ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തടവിലാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെക്കൂടി വിട്ടയച്ചു. ബന്ദികളായിരുന്ന നൂർ കൂപ്പര്‍ (79), യോചെവെദ് ലിഫ്ഷിറ്റ്‌സ് (85) എന്നീ വയോധികരായ രണ്ട് ഇസ്രയേല്‍ വനിതകളെയാണ് മോചിപ്പിച്ചത്. മാനുഷിക കാരണങ്ങളാലാണ് പ്രായമായ ബന്ദികളെ വിട്ടയച്ചെന്നാണ് പലസ്തീന്‍ ഭീകരസംഘടനയുടെ അറിയിപ്പ്.
”മാനുഷികവും മോശം ആരോഗ്യപരവുമായ കാരണങ്ങളാല്‍ അവരെ വിട്ടയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍, അവരെ സ്വീകരിക്കാന്‍ ശത്രു വിസമ്മതിച്ചു” – ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ – ഖത്തര്‍ മധ്യസ്ഥശ്രമങ്ങളെതുടര്‍ന്ന് തിങ്കളാഴ്ചയാണ് ബന്ദികളെ മോചിപ്പിച്ചത്. ഹമാസിന്റെ സൈനികവിഭാഗമായ അല്‍-ഖസ്സം ബ്രിഗേഡ് ബന്ദികളെ മോചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വയോധികരായ രണ്ട് സ്ത്രീകളെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികള്‍ക്ക് കൈമാറുന്നത് ദൃശ്യങ്ങളിലുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രയേല്‍ സ്ഥിരീകരിച്ചു..
നേരത്തെ അമേരിക്കന്‍ പൗരന്മാരായ രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതോടെ ഹമാസ് വിട്ടയച്ച ബന്ദികളുടെ ആകെ എണ്ണം നാലായി. അമേരിക്കൻ – ഇസ്രായേൽ പൗരത്വമുള്ള ജൂഡിത്ത്, മകൾ നതാലി റാനൻ എന്നിവരെ വെള്ളിയാഴ്ച തടവിൽനിന്ന് മോചിപ്പിച്ചിരുന്നു