Wednesday, November 27, 2024

ഇസ്രായേലിനെതിരെ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്

ഇസ്രായേലിനെതിരെ ഹമാസ് വീണ്ടും ആക്രമണം നടത്തി. ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവിനെ ലക്ഷ്യമാക്കി തെക്കന്‍ ഗാസ നഗരമായ റാഫയില്‍ നിന്ന് ഹമാസ് കുറഞ്ഞത് എട്ട് മിസൈലുകളെങ്കിലും തൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ പലതും ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം ആകാശത്ത് വച്ച് നശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ടെല്‍ അവീവില്‍ വന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഇസദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലില്‍ പങ്കുവെച്ച സന്ദേശം.

ആക്രമണത്തില്‍ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വാണിജ്യ സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഹെര്‍സ്ലിയ, പെറ്റ ടിക്വ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. റാഫേലില്‍ ഇസ്രായേല്‍ ഇപ്പോള്‍ സൈനിക നടപടി സ്വീകരിച്ചുവരികയാണ്.

 

Latest News