Sunday, November 24, 2024

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലാന്‍ഡ്; ഇന്ത്യയുടെ റാങ്കില്‍ മാറ്റമില്ല

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച പ്രസിദ്ധീകരിച്ച യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന സ്ഥാനം ഫിന്‍ലാന്‍ഡ് നിലനിര്‍ത്തിയത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 126-ാം സ്ഥാനത്ത് തന്നെ തുടരുന്നു. ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. പട്ടികയിലെ ആദ്യ 10 സ്ഥാനവും നോര്‍ഡിക് രാജ്യങ്ങള്‍ നിലനിര്‍ത്തി.

2020ല്‍ താലിബാന്‍ നിയന്ത്രണം വീണ്ടെടുത്തതുമുതല്‍ ദുരന്തത്തില്‍ വലയുന്ന അഫ്ഗാനിസ്ഥാന്‍, സര്‍വേയില്‍ ഉള്‍പ്പെട്ട 143 രാജ്യങ്ങളില്‍ ഏറ്റവും താഴെയാണ്. പത്ത് വര്‍ഷം മുന്‍പ് തയാറാക്കിത്തുടങ്ങിയ വാര്‍ഷിക ഹാപ്പിനെസ് ഇന്‍ഡെക്‌സില്‍ ആദ്യമായി അമേരിക്കയും ജര്‍മ്മനിയും ആദ്യ ഇരുപതില്‍നിന്നു പുറത്തായി. യഥാക്രമം ഇവര്‍ 23-ഉം 24-ഉം സ്ഥാനത്താണ് ഇത്തവണ. കോസ്റ്റ റിക്കയും കുവൈറ്റും 12, 13 സ്ഥാനങ്ങളില്‍ പ്രവേശിച്ചു.

അതേസമയം ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2010 മുതല്‍ അഫ്ഗാനിസ്ഥാന്‍, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സന്തോഷത്തില്‍ കുത്തനെ ഇടിവ് കണ്ടുവരുന്നു. ഇതിനു വിപരീതമായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ സെര്‍ബിയ, ബള്‍ഗേറിയ, ലാത്വിയ എന്നിവിടങ്ങളില്‍ ഏറ്റവും വലിയ വര്‍ധനവും രേഖപ്പെടുത്തി.

വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഉദാരത, അഴിമതി എന്നിവയെക്കുറിച്ചുള്ള വ്യക്തികളുടെ സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ റാങ്കിങ് കണക്കാക്കുന്നത്.

പ്രകൃതിയുമായുള്ള അടുത്ത ബന്ധവും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലനവുമാണ് ഫിന്‍ലാന്‍ഡിലെ ജീവിത സംതൃപ്തിയുടെ പ്രധാന ഘടകങ്ങള്‍ എന്ന് ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഹാപ്പിനസ് ഗവേഷകയായ ജെന്നിഫര്‍ ഡി. പാവോല പറയുന്നു. മികച്ച സാമൂഹിക ചുറ്റുപാട്, അധികാരികളിലുള്ള വിശ്വാസം, കുറഞ്ഞ അഴിമതി, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയും ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തുന്നതില്‍ സഹായിച്ചു.

ലോകത്തെ പല രാജ്യങ്ങളിലുള്ള മിക്ക യുവാക്കളും പ്രായമായവരെക്കാള്‍ സന്തുഷ്ടരാണെന്നും ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് കണ്ടെത്തി. 2010 മുതല്‍ വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ 30 വയസിന് താഴെയുള്ളവര്‍ക്കിടയില്‍ സന്തോഷം ഗണ്യമായി കുറഞ്ഞു വരുന്നുതായും വ്യക്തമായി. നേരെമറിച്ച്, പടിഞ്ഞാറന്‍ യൂറോപ്പില്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളും സമാന തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ധിച്ചെന്നും ഇത് ആശങ്കാകുലമായ കാര്യമാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

 

 

Latest News