ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചതിനു പിന്നാലെ പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആപ്പ് നിരോധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈബര്‍ സുരക്ഷയുടെ പേരില്‍ കാനഡയില്‍ കഴിഞ്ഞ മാസമാണ് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്.
കാനഡയ്ക്കു പുറമേ യു.എസ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും ടിക് ടോകിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. “ഞാൻ എന്‍റെ കുട്ടികളുടെ സ്വകാര്യതയിലും അവരുടെ സുരക്ഷയിലും ശ്രദ്ധാലുവാണ്. അതിനാൽ സുരക്ഷ എന്നതിലുപരി എന്‍റെ കുട്ടികള്‍ക്ക് ഈ ആപ്പ് ഇനി ഉപയോഗിക്കാന്‍ കഴിയില്ലല്ലോ എന്നത് വ്യക്തിപരമായ സന്തോഷം നല്‍കുന്നു” – ട്രൂഡോ പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ഒട്ടാവയിൽ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം വ്യക്തമാക്കിയത്.
ബെയ്ജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പ് ആയതിനാൽ ഉപഭോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ആക്‌സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ടിക് ടോകിന് കാനഡയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.