സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13നും 15നും ഇടയില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ടു മുതല്‍ 15 വരെ ത്രിവര്‍ണ പതാകയെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രമാക്കുന്നതിനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ദേശീയ പതാക രൂപകല്പനം ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മവാര്‍ഷികമാണ് ഓഗസ്റ്റ് രണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ രാജ്യം മഹത്തായതും ചരിത്രപരവുമായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നത് കാണുന്നതിന് ഒരുങ്ങാനും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വര്‍ഷങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് കുട്ടികളിലും യുവാക്കളിലും അവബോധം ഉണ്ടാക്കുന്നതിനും ദേശസ്‌നേഹം വളര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹര്‍ ഘര്‍ തിരംഗ എന്ന പേരിലുള്ള പ്രചാരണം. പോസ്റ്റ് ഓഫീസുകള്‍, സഹകരണ സംഘങ്ങള്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളിലൂടെ ദേശീയ പതാകകള്‍ ലഭ്യമാകും.
ത്രിവര്‍ണ പതാകകളുമായി നില്‍ക്കുന്ന സെല്‍ഫികള്‍ harghartiranga.com എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതിനോടകം വെബ്‌സൈറ്റില്‍ ഏഴു ലക്ഷത്തില്‍ അധികം സെല്‍ഫികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി മാറിയിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.