ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ. കെ. റൗളിംങിന്റെ ആദ്യ ഫാന്റസി നോവലായ ഹാരി പോട്ടര്‍ 1997 ലാണ് ഇറങ്ങുന്നത്. പുസ്തകം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ‘ഹാരി പോട്ടര്‍ ആന്‍ഡ് സോര്‍സറേഴ്‌സ് സ്റ്റോണ്‍’ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്‍ പരമ്പരയാണ് ഹാരി പോട്ടര്‍.
മാന്ത്രിക വിദ്യാലയമായ ഹോഗ്വാര്‍ട്ട്‌സ് സ്‌കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാഡെറിയിലെ വിദ്യാര്‍ത്ഥികളായ ഹാരി പോട്ടര്‍ എന്ന കൗമാര മാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോണ്‍ വീസ്ലി, ഹെര്‍മയോണി ഗ്രാഞ്ചെര്‍ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നത്. മാന്ത്രികലോകത്തേയും തുടര്‍ന്ന് മഗിള്‍ (മാന്ത്രികമല്ലാത്ത) ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയില്‍ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ടമാന്ത്രികനായ വോള്‍ഡര്‍ മോര്‍ട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു.
ചവറ്റുകുട്ടയില്‍ എറിയപ്പെട്ട കഥ
നിരവധി പ്രസാധകര്‍ മുഴുവന്‍ വായിക്കാന്‍ പോലും മെനക്കെടാതെ, ചവറ്റുകുട്ടയില്‍ എറിഞ്ഞ കഥയായിരുന്നു ഹാരി പോട്ടറുടേത്. ഒടുവില്‍ ബ്ലൂംസ്ബറിയാണ് പുസ്തകത്തിന്റെ 500 ഹാര്‍ഡ്ബാക്ക് കോപ്പികള്‍ അച്ചടിക്കാന്‍ മനസ്സ് കാണിച്ചത്. ഒരുപാട് തിരസ്‌കാരങ്ങള്‍ക്കു ശേഷം അത് ഇറങ്ങിയപ്പോള്‍ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് ഫാന്റസി ലോകത്ത് അത് വിപ്ലവം സൃഷ്ടിച്ചു.
അതുവരെ വായനക്കാര്‍ കാണാത്ത, അനുഭവിക്കാത്ത ഒരു പുതിയ മാന്ത്രിക ലോകമായിരുന്നു അത്. മാന്ത്രികരെക്കുറിച്ചുള്ള പലരുടേയും ബാല്യകാല ഓര്‍മ്മകളെയും, സങ്കല്‍പ്പങ്ങളെയും പുസ്തകം പൊളിച്ചെഴുതി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തക പരമ്പരകളില്‍ ഒന്നായി മാറി അത്. എന്നാല്‍ ഒരിക്കല്‍ പ്രസാധകര്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞ ആ പുസ്തകം ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ടില്‍ വിറ്റഴിക്കപ്പെട്ട ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി നേടിക്കഴിഞ്ഞു.
മാന്ത്രിക കഥപോലെ പുസ്തകവും
ബാലസാഹിത്യം എന്ന ഗണത്തിലാണ് പരമ്പരയിലെ ആദ്യ പുസ്തകം വിപണിയിലെത്തിയതെങ്കിലും പിന്നീട് ലോകമെമ്പാടും എല്ലാ പ്രായക്കാരുടെയും ഇഷ്ടക്കാരനായി ഹാരിപോട്ടര്‍ മാറി. റൗളിംഗിനെ ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ മാന്ത്രിക കഥയിലെന്നവണ്ണം കേവലം അഞ്ചുവര്‍ഷം കൊണ്ട് കോടീശ്വരിയാക്കിമാറ്റി. ഇതുവരെ അന്‍പതു കോടിയിലധികം ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. പ്രായഭേദമെന്യേ മാന്ത്രികതയോടും അത്ഭുതങ്ങളോടുമുള്ള കൗതുകമാണ് ഹാരിപോട്ടറെ തരംഗമാക്കിയത്.
1965ല്‍ ബ്രിട്ടണിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ജെ. കെ. റൗളിംഗിന്റെ യഥാര്‍ത്ഥപേര് ജോവാന്‍ റൗളിംഗ് എന്നാണ്. എല്ലാവരും വിളിച്ചിരുന്നത് ജോ എന്നും. ആദ്യ പുസ്തകം പുറത്തിറക്കാന്‍നേരം പ്രസാധകരാണ് ജെ.കെ. റൗളിംഗ് എന്നു പേരുമാറ്റിയത്. ഒരു സ്ത്രീയെഴുതുന്ന മാന്ത്രിക കഥകള്‍ വായിക്കാന്‍ ആരും താല്‍പര്യം കാട്ടില്ല എന്നു പേടിച്ചായിരുന്നു പേരുമാറ്റം. കെട്ടുകഥകള്‍ ഉണ്ടാക്കാനും അതു പറഞ്ഞു ഫലിപ്പിക്കാനുമുള്ള വിരുത് റൗളിംഗിനു ബാല്യത്തിലേ ഉണ്ടായിരുന്നു. അനിയത്തി ഡയാനയെ രസിപ്പിക്കാനായാണ് അവള്‍ കഥകളുണ്ടാക്കി പറഞ്ഞുതുടങ്ങിയത്.
ഒന്‍പതുമുതല്‍ പതിനൊന്നുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രസാധകര്‍ പുസ്തകമിറക്കിയത്. ആ വര്‍ഷം എഡിന്‍ബറോ പുസ്തകമേളയില്‍ തന്റെ ആദ്യ പുസ്തകവുമായെത്തിയ റൗളിംഗിനെ കാണാന്‍ കേവലം ഇരുപതുപേരായിരുന്നു വന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതേ പുസ്തകമേളയില്‍ എത്തിയ റൗളിംഗിനെ ഒരുനോക്കു കാണാനും കയ്യൊപ്പുവാങ്ങാനുമായി കാത്തുനിന്ന ആരാധകരുടെ ക്യൂ കിലോമീറ്ററുകള്‍ നീണ്ടിരുന്നു. 67 ഭാഷകളിലേക്ക് റൗളിംഗിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.