Sunday, November 24, 2024

ഹരിയാനയിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ ‘ഗുഡ് മോര്‍ണിംഗ്’ ന് പകരം ‘ജയ് ഹിന്ദ്’

ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതല്‍ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതല്‍ ‘ജയ് ഹിന്ദ്’ മതിയെന്ന് സര്‍ക്കാര്‍. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.. വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിനായാണ് തീരുമാനം എന്നാണ് സര്‍ക്കാരിന്റെ വാദം.

വിദ്യാര്‍ത്ഥികളില്‍ ദേശീയ ഐക്യവും സമ്പന്നമായ ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവും വര്‍ദ്ധിക്കും.എല്ലാദിവസവും പറയുന്നതോടെ ഇത് പ്രചോദിപ്പിക്കപ്പെടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കുട്ടികള്‍ക്കിടയില്‍ ആഴത്തില്‍ ദേശസ്‌നേഹവും ദേശീയതയെ കുറിച്ചുള്ള അഭിമാനവും വളര്‍ത്തുന്നതിന് ആണ് ഗുഡ്‌മോണിങ് പറയുന്നതിന് പകരം ജയ് ഹിന്ദ് മതിയെന്ന് തീരുമാനം എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്‌കരിച്ചതാണ് ജയ്ഹിന്ദ് എന്ന പദം .പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം സായുധസേന ഇത് സ്വീകരിച്ചു.

സ്വാതന്ത്ര്യസമരസേനാനികള്‍ സഹിച്ച ത്യാഗങ്ങളെ അനുസ്മരിക്കാന്‍ ഈ ദേശസ്‌നേഹ ആശംസ വിദ്യാര്‍ഥികളെ സഹായിക്കും. ജയ്ഹിന്ദ് എന്നത് പ്രാദേശിക ഭാഷ സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കതീതമാണ് .പതിവ് ഉപയോഗം വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത് ഐക്യവും അച്ചടക്കവും വളര്‍ത്തും ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും കേവലം നിര്‍ദ്ദേശം മാത്രമാണെന്നും ആണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഇത് പാലിച്ചില്ലെങ്കില്‍ ശിക്ഷ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

 

Latest News