വാട്സാപ്പില്‍ ഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. സ്ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്നും തടയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതോടെയാണ് പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് പൂട്ട് വീണത്. ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍ 2.24.4.25 ലാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാവുക. സന്ദേശങ്ങളില്‍ ഉപഭോക്തൃ സ്വകാര്യത ഉറപ്പ് വരുത്താനായി ചിത്രങ്ങളും, വീഡിയോകളും മറ്റും സ്ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്നും തടയുന്ന വണ്‍സ് ഫീച്ചര്‍ ഇതിനോടകം തന്നെ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ ആര്‍ക്കും സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു. പുതിയ ഫീച്ചര്‍ അതും വിലക്കിക്കൊണ്ടുള്ളതാണ്.
പുതിയ ഫീച്ചര്‍ വരുന്നതോടെ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇനി സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് സ്ക്രീന്‍ഷോട്ടില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം ഇരുണ്ട നിറം ലഭിച്ചതോടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ബീറ്റ വേര്‍ഷനില്‍ ലഭ്യമായ അപ്ഡേറ്റ് അനുസരിച്ച് സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ‘ആപ്പിന്റെ പുതിയ നിയന്ത്രണങ്ങള്‍ കാരണം സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല’ എന്ന തരത്തില്‍ ഒരു സന്ദേശമാണ് വാട്സാപ്പ് ഇപ്പോള്‍ നല്‍കുന്നത്.
അതേസമയം, ഈ ഫീച്ചര്‍ ഒരു ഓപ്ഷനായി നല്കാന് ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്താല്‍ പലരും അത് ഓഫ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും, അതൊരിക്കലും കമ്പനി വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ വിവരസംരക്ഷണമാകില്ലെന്നും വാട്സാപ്പ് അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.