പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ഹവായ് ദ്വീപിലെ മൗയിയിൽ കാട്ടുതീയിലകപ്പെട്ട് 36 പേർ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. പൊള്ളലേറ്റവര്‍ക്ക് ചികിത്സ നൽകുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാർഗം കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.
ഡോറ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കാട്ടുതീയാണ് ദ്വീപിൽ കനത്ത നാശം വിതച്ചത്. തീ അണയ്ക്കാനായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അഭയമൊരുക്കുന്നതിനായി മൗയിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കാട്ടുതീയ്ക്ക് പിന്നാലെ നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പ്രദേശവാസികൾ സ്വയരക്ഷയ്ക്കായി കടലിലേക്ക് എടുത്തുചാടി. ഇവരിൽ മിക്കവരെയും യുഎസ് കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് കരയിലെത്തിച്ചു.