ഹവായ് ദ്വീപിലെ മൌവിയിലുണ്ടായ കാട്ടുതീയിലകപ്പെട്ട് മരിച്ചവരുടെ എണ്ണം 80 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതർ. ഇതുവരെ 15000 ഓളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് ദ്വീപിൽ കാട്ടുതീ പടർന്നത്. പ്രദേശത്തു ആഞ്ഞടിച്ച ഡോറ കൊടുങ്കാറ്റാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് നിഗമനം. അപകടത്തിൽ ഇതുവരെ 1000 ത്തോളം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, ചരിത്രപ്രസിദ്ധമായ ലഹൈനയിൽ തീ പടർന്നിട്ടും അപായ സൈറൺ മുഴക്കാതിരുന്നതും വിവാദമായി.
കാട്ടുതീയിൽ തകർന്ന വീടുകളിൽ പരിശോധന നടത്താൻ കൂടുതൽ ഫെഡറൽ എമർജൻസി ജീവനക്കാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ നിലച്ചിരിക്കുകയാണ്. ലഹൈനയിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലാണെന്ന് 2020 ൽ തന്നെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോംബിട്ട് തകർത്ത നഗരം പോലെയായി ലഹൈനയെന്നാണ് അപകടത്തോട് മൌവി ഗവർണർ പ്രതികരിച്ചത്. ഇതിനിടെ പ്രസിഡന്റ് ജോ ബൈഡൻ ഹവായ് കാട്ടുതീ വൻ ദുരന്തമായി പ്രഖ്യാപിച്ചു.