അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് ശരിവച്ച് കേരളാ ഹൈക്കോടതി. കോവിഡ് കാലത്ത് ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ കോവിഡ് കാലത്ത് സംസ്ഥാനം പി. പി ഇ കിറ്റുകളും മെഡിക്കൽ വസ്തുക്കളും വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ വനിതാ നേതാവ് ലോകായുക്തയ്ക്ക് പരാതി നൽകിയിരുന്നു. ലോകായുക്ത പരാതി സ്വീകരിച്ച് നടപടികൾ ആരംഭിച്ചതിനെതിരെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജൻ ഖൊബ്രഗഡെ, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ‘ഈ പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. ദുരന്തനിവാരണ നിയമപ്രകാരമാണ് കോവിഡ് കാലത്ത് ഇത്തരം വസ്തുവകകൾ വാങ്ങിയത് ഒരു പ്രത്യേക സംരക്ഷണത്തോടെയാണ് ‘ എന്നതായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ വാദങ്ങൾ തള്ളുകയായിരുന്നു.
അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്നും ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു.