സംസ്ഥാനത്ത് വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. എന്താണ് സംഭവിക്കുന്നതെന്ന് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. സിആര്‍പിസി 102 പ്രകാരമല്ലാതെ ബാങ്ക് അക്കൗണ്ടുകള്‍ എങ്ങനെയാണ് മരവിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ട ആറ് പേര്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്.
എന്നാല്‍ യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കാറുള്ളതെന്നും പോലീസ് പറഞ്ഞിരുന്നു. വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു കേരള പോലീസിന്റെ വിശദീകരണം.