ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സഞ്ചരിച്ച വഴികളിലെ ചേരികള്‍ തുണികെട്ടി മറച്ചതായി ആരോപണം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബോറിസ് അഹമ്മദാബാദില്‍ സബര്‍മതിയിലേക്ക് പോകുന്ന വഴികളിലെ ചേരികളാണ് മറച്ചുകെട്ടിയതെന്ന് ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ട്വിറ്ററില്‍ ആരോപണം ഉന്നയിക്കുന്നു. സബര്‍മതി ആശ്രമത്തിനു സമീപത്തെ ചേരികള്‍ തുണികെട്ടി മറച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ ചര്‍ച്ചയായിട്ടുണ്ട്.
എക്കണോമിക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ഡിപി ഭട്ട സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വെള്ളത്തുണി ഉപയോഗിച്ച് റോഡിന് ഇരുവശങ്ങളിലുമുള്ള ചേരിക്കാഴ്ചകള്‍ മറച്ചിരിക്കുകയാണ്. യുഎസ് മുന്‍ പ്രസിഡന്റ് ട്രംപ് സന്ദര്‍ശനത്തിന് എത്തിയപ്പോഴും ചേരികള്‍ മതില്‍കെട്ടി മറച്ചത് വിവാദമായിരുന്നു.
രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ആദ്യദിനം ഗുജറാത്തിലായിരുന്നു സന്ദര്‍ശനം. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങള്‍ അണിനിരന്നു. 10 മണിയോടെ സബര്‍മതി ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ആശ്രമം സന്ദര്‍ശിച്ച ബോറിസ് ജോണ്‍സന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടന്‍’ എന്ന പുസ്തകവും, മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്‌സ് പില്‍ഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു.
ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സര്‍വകലാശാലയും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ന് ഡല്‍ഹിയില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണില്‍ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോണ്‍സണ്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്.