Friday, March 6, 2026

സുഡാനിൽ ആരോ​ഗ്യപ്രതിസന്ധി രൂക്ഷമാകുന്നു; യുദ്ധത്തിനൊപ്പം പകർച്ചവ്യാധികളും പടരുന്നു

സുഡാനിലെ ആഭ്യന്തരയുദ്ധം മൂന്നാം വർഷത്തോടടുക്കുമ്പോൾ, രാജ്യം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയാണെന്ന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഏജൻസികൾ. യുദ്ധം ആരോഗ്യസംരക്ഷണ സംവിധാനത്തെയും ബാധിച്ച സാഹചര്യത്തിൽ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുകയാണ്. അതിനാൽ നിരവധി സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി, മലേറിയ, അഞ്ചാംപനി കേസുകൾ എന്നിവ വർധിച്ചതായി സുഡാൻ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.

യുദ്ധം ആരംഭിച്ചതിനു ശേഷം സുഡാനിലെ ആരോഗ്യസേവനങ്ങൾ ഗുരുതരമായ തടസ്സങ്ങൾ നേരിടുകയാണ്. പോരാട്ടങ്ങളും റോഡ് അടച്ചിടലും മൂലം പലപ്പോഴും ജീവൻരക്ഷാ മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും വിതരണം തടസ്സപ്പെട്ടു. സുഡാനിലെ ഏകദേശം 70-80% വരെ ആശുപത്രികളും നിലവിൽ പ്രവർത്തനരഹിതമാണ്. പല ആരോഗ്യകേന്ദ്രങ്ങളും സൈനികതാവളങ്ങളായി മാറ്റപ്പെട്ടിരിക്കുകയാണ്.

40 ലക്ഷത്തിലധികം കുട്ടികളാണ് കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നത്. അതേസമയം, രോഗപ്രതിരോധശേഷി കുറഞ്ഞ ഈ കുട്ടികളിൽ പകർച്ചവ്യാധികൾ മരണകാരണമാകുന്നു. ശുദ്ധജലത്തിന്റെ അഭാവവും മാലിന്യനിർമ്മാർജനം തടസ്സപ്പെട്ടതും മൂലം കോളറ അതിവേഗം പടരുകയാണ്. ഇതിനോടകം പതിനായിരക്കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ മലേറിയ, ഡെങ്കിപ്പനി, അഞ്ചാംപനി എന്നിവയും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News