കോവിഡ് നിയന്ത്രങ്ങളുടെ പേരിൽ പ്രതിഷേധം നടത്തിയ ചൈനീസ് ജനത വീണ്ടും ഭീതിയിൽ. നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും പൊതു നിരത്തിലിറങ്ങുവാൻ ചൈനക്കാരെ ഭയം അനുവദിക്കുന്നില്ല. പലപ്പോഴും നിരത്തുകളും തെരുവുകളും ശൂന്യമായി കിടക്കുന്ന കാഴ്ചയാണ് ചൈനയിൽ.
ചൈനയിൽ ഇന്നലെ മാത്രം രോഗലക്ഷണമില്ലാത്ത 2,097 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മുൻ മാസങ്ങളിലേതിനേക്കാൾ കുറവാണ്. എങ്കിലും കോവിഡ് പരിശോധനകളുടെ കുറവാണു ഇതിനു പിന്നിൽ എന്നാണ് അധികൃതർ പറയുന്നത്. അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദം നഗരങ്ങളിൽ പിടിമുറുക്കുകയാണെന്നാണു റിപ്പോർട്ട്. വരാനിരിക്കുന്ന മൂന്നു കോവിഡ് തരംഗങ്ങളിൽ ആദ്യത്തേതാണ് ഇതെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഈ ശൈത്യകാലത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് ചൈനയിൽ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ജാഗ്രത പാലിക്കുന്നതിനാണ് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെടുന്നതും.
മൊത്തത്തിൽ, ചൈനയിലെ ജനസംഖ്യയുടെ 90% ത്തിലധികം പേരും പൂർണ്ണമായും വാക്സിനേഷൻ എടുത്തതായി വെളിപ്പെടുത്തുന്നു. പകുതിയിൽ താഴെ ആളുകൾക്ക് മൂന്ന് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. പ്രായമായവരിൽ ഗുരുതരമായ കോവിഡ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലും കോവിഡ് വർദ്ധിക്കുന്നത് ചൈനയെ മൊത്തത്തിൽ ആശങ്കയിൽ ആഴ്ത്തുകയാണ്.