Monday, November 25, 2024

ആശങ്ക വേണ്ട; ജാഗ്രത മതി: മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്ജ്

വിദേശ രാജ്യങ്ങളിൽ കോവിഡ് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്കെല്ലാം ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നു മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്.

ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ തന്നെ ജാഗ്രത വേണം. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

നിലവിൽ ആശങ്ക വേണ്ടെങ്കിലും അവധിക്കാലം കൂടുതൽ ശ്രദ്ധിക്കുന്നതിനൊപ്പം, എല്ലാവരും വായും മൂക്കും മൂടുന്ന വിധം മാസ്‌ക് ധരിക്കണം. ഇടവിട്ടിടവിട്ട് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നതിനൊപ്പം പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതലും നൽകണം. കരുതൽ ഡോസ് ഉൾപ്പെടെ വാക്‌സിൻ എടുക്കുകയും രോഗലക്ഷണമുള്ളവർ കോവിഡ് പരിശോധന നടത്തുകയും വേണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും. മന്ത്രി വ്യക്തമാക്കി.

Latest News