Monday, November 25, 2024

കോവിഡ് വാക്സീന്‍ മൂലം ആരോഗ്യപ്രശ്നം; നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ല

കോവിഡ് വാക്സീന്‍ മൂലം ആരോഗ്യപ്രശ്നമുണ്ടാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ല. വാക്സീന്‍ സ്വീകരിച്ചതു സ്വമേധയാ ആയിരുന്നുവെന്നും നിര്‍ബന്ധിതമാക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിച്ച കോവിഷീല്‍ഡ് വാക്സീനെതിരെ യുകെയില്‍ നിയമയുദ്ധം മുറുകുമ്പോഴും ഇന്ത്യയില്‍ ആരോഗ്യമന്ത്രാലയം അനങ്ങിയിട്ടില്ല.

വാക്സീന്‍ വികസിപ്പിക്കുന്നതിലെ പല കടമ്പകളും ഒഴിവാക്കി ദ്രുതഗതിയില്‍ കുത്തിവയ്പ് തുടങ്ങിയ വാക്സീനുകളുടെ കാര്യത്തില്‍ നഷ്ടപരിഹാര വ്യവസ്ഥയില്ലാതെ നയം തയാറാക്കിയതിനു കേന്ദ്ര സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. കോവിഷീല്‍ഡ് വാക്സീന്‍ എടുത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ 51 പേര്‍ 1000 കോടിയിലേറെ രൂപ വീതം ആവശ്യപ്പെട്ടാണ് യുകെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഷീല്‍ഡിന്റെ ഇന്ത്യയിലെ ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ബോംബെ ഹൈക്കോടതിയിലും സമാന കേസുണ്ട്.

 

Latest News