Tuesday, November 26, 2024

സംസ്ഥാനത്ത് ചൂട് കൂടുന്നു: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് പ്രധാന മുന്നറിയിപ്പ്. ജലം പാഴാക്കാതെ ഉപയോഗിക്കാനും നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെയും ഉണ്ടാകും. ശനിയാഴ്ച പുനലൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 35.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം-34.5, തിരുവനന്തപുരം സിറ്റി-33.8.

ജാഗ്രതാ നിര്‍ദേശങ്ങള്‍

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* ചൂട് കൂടുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനും വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്.

Latest News