Monday, November 25, 2024

ഉഷ്ണതരംഗവും വരള്‍ച്ചയും; വറ്റിവരണ്ട് നദികള്‍

ഉഷ്ണതരംഗവും അതിശക്തമായ വരള്‍ച്ചയുംമൂലം ലോകത്തെ നദികളില്‍ ഭൂരിഭാഗവും വറ്റിത്തുടങ്ങി. യുഎസ്, യൂറോപ്, ഏഷ്യ, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ നദികളുടെ നീളവും വലുപ്പവും ക്രമാതീതമായി കുറയുന്നത് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു.

ആഗോളതാപനത്തില്‍ മഴയുടെ അളവ് കുറഞ്ഞതും നദികളില്‍നിന്നുള്ള ബാഷ്പീകരണത്തിന്റെ തോത് കൂടിയതുമാണ് കാരണമെന്ന് വരള്‍ച്ച നിരീക്ഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലെ വരള്‍ച്ചയുടെ നേര്‍സാക്ഷ്യമാണ് കൊളോറാഡോ നദിയുടെ കൈവഴികളടക്കം വരണ്ടത്. നദിയുടെ നിലനില്‍പ്പിന് പ്രധാനപങ്കുവഹിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണിയായ മീഡ് തടാകത്തില്‍ 2000ത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്.

മെക്‌സിക്കോയിലെ ജനങ്ങളും ആശ്രയിക്കുന്ന തടാകമാണ് മീഡ്. ചൈനയിലെ യാങ്‌സേ നദിയുടെ അടിത്തട്ടുവരെ വ്യക്തമാകുന്ന വിധം വരണ്ടിട്ടുണ്ട്. ഒമ്പതുവര്‍ഷത്തിനിടയ്ക്ക് ഏറ്റവും വലിയ വരള്‍ച്ചാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ചൈന. ജലവൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സിയാച്ചിന്‍ മേഖലയിലെ ഫാക്ടറികള്‍ അടച്ചു. ആല്‍പ്‌സ് പര്‍വതങ്ങളില്‍നിന്ന് ആരംഭിക്കുന്ന റീന്‍ നദിയില്‍ വിവിധയിടങ്ങളിലെ ജലനിരപ്പ് 32 സെന്റിമീറ്ററായി കുറഞ്ഞു. ഇതോടെ ഇതുവഴിയുള്ള ചരക്കുഗതാഗതം നിലച്ചു.

ഇറ്റലിയിലെ പോ നദിയിലെ വെള്ളം വറ്റിയതോടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും ബോംബുകളും കണ്ടെത്തി. നാസയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഗവേഷകര്‍ നദികളുടെ വരള്‍ച്ച പഠിച്ചത്.

Latest News