ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നാണ് ലണ്ടനിലെ ഹീത്രോ വിമാനത്താവളം. വൈദ്യുതി മുടക്കം മൂലം ഇവിടെ ആഗോള വിമാനയാത്രകൾ മടങ്ങിയെന്നും എന്നാൽ ഇന്നത്തോടെ ഇവിടെ സാധാരണ പോലെ പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. വിമാനത്താവളം അടച്ചുപൂട്ടിയതിനെ ഒരു വലിയ സംഭവം എന്നാണ് അധികൃതർ വിശേഷിപ്പിച്ചത്. തടസ്സം നേരിട്ടതിൽ അധികൃതർ യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു.
മണിക്കൂറുകൾ നീണ്ട കാലതാമസത്തിനുശേഷം വെള്ളിയാഴ്ച രാത്രിയോടെ വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ പറന്നുയർന്നിരുന്നു. അതിൽ കേപ് ടൗണിലേക്കും റിയാദിലേക്കുമുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനങ്ങൾ ഉൾപ്പെടുന്നുണ്ട്. ശനിയാഴ്ച പുലർച്ചെ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഹീത്രോയിലേക്കു പ്രവേശിച്ചു. എട്ട് ദീർഘദൂര വിമാനങ്ങൾ പ്രാദേശിക സമയം വൈകുന്നേരം ഏഴുമണി മുതൽ പുറപ്പെടാൻ വിമാനത്താവളത്തിൽനിന്ന് അനുമതി ലഭിച്ചതായി ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചു.
ശനിയാഴ്ചത്തെ ആദ്യത്തെ വിമാനങ്ങൾ ഹീത്രോയിൽനിന്ന് പ്രാദേശിക സമയം രാവിലെ ആറുമണിക്ക് പറന്നുയർന്നു എന്ന് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പറയുന്നു. വിമാനത്താവളത്തിൽനിന്ന് ഏതാനും മൈൽ അകലെയുള്ള ഹെയ്‌സ് പട്ടണത്തിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് പ്രാദേശിക വൈദ്യുതിവിതരണം തടസ്സപ്പെടുത്തിയത്. ആയിരത്തിലധികം വിമാനങ്ങളുടെ യാത്ര താറുമാറാകുകയും പൈലറ്റുമാർ തങ്ങളുടെ യാത്രകൾ വഴിതിരിച്ചുവിടാൻ നിർബന്ധിതരാവുകയും ചെയ്തു. തീയണയ്ക്കാൻ പത്ത് ട്രക്കുകളും ഏകദേശം 70 അഗ്നിശമന സേനാംഗങ്ങളെയുമാണ് വിന്യസിച്ചത്.