Friday, April 11, 2025

ജലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വരും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി

മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാറില്‍ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങല്‍ക്കുത്തില്‍ നിന്നുള്ള ഇന്‍ഫ്ലോ 35,000 ക്യുസെക്സ് ആയി തുടരുന്നു. ആകാശം ഇപ്പോഴും മേഘാവൃതമാണ്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ ശരാശരി ഒന്‍പതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ ഡാം നിറഞ്ഞതിനാല്‍ ഷട്ടര്‍ തുറന്നിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ കൂടുതല്‍ ജലം തമിഴ്നാടിന് കൊണ്ടുപോകാനാകില്ല.

12 മണിയുടെ അലേര്‍ട്ടോട് കൂടെയേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘ചാലക്കുടി പുഴയുടെ തീരത്ത് ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്. അലര്‍ട്ട് എന്ത് തന്നെയായാലും ജാഗ്രത തുടരണം. ക്യാമ്പുകളിലേക്ക് മാറിയവര്‍ ഇന്നും അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാല്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും എന്‍ ഡി ആര്‍ എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest News