Sunday, November 24, 2024

തമിഴ്‌നാട്ടില്‍ കനത്ത മഴ; നാലു ജില്ലകളില്‍ റെഡ്അലേര്‍ട്ട്, വെളളപ്പൊക്കത്തില്‍ മുങ്ങി റോഡുകള്‍

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേര്‍ട്ടുളള ജില്ലകളില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു.

കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകള്‍ മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് ജില്ലകളില്‍ 250 സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. തിരുനെല്‍വേലി ജില്ലയില്‍ 19 ക്യാമ്പുകള്‍ തുറന്നു. തിരുനെല്‍വേലിയില്‍ നിന്ന് ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സര്‍ക്കാര്‍ മന്ത്രിമാരെ ദുരിതബാധിത ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. നാല് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുബന്ധ ജോലികള്‍ക്കായി മറ്റ് നാല് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

പേച്ചിപ്പാറ, പെരുഞ്ഞാണി, പാപനാശം അണക്കെട്ടുകളില്‍ നിന്ന് അധികമുളള ജലം തുറന്നുവിട്ടേക്കും. ഇത് സംബന്ധിച്ച് ദുരിതബാധിത ജില്ലകളിലെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് ജാഗ്രതാ സന്ദേശങ്ങള്‍ അയച്ചു.

പാളങ്ങളിലും റെയില്‍വേ യാര്‍ഡുകളിലും മഴവെള്ളം കയറിയതിനെ തുടര്‍ന്ന് വന്ദേഭാരത് അടക്കം 20 ട്രെയിനുകള്‍ റദ്ദാക്കി. തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ ട്രെയിന്‍ (06673), ചെന്നൈ എഗ്മോര്‍-തിരുനെല്‍വേലി വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 20665), തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 19577), തൂത്തുക്കുടി-വഞ്ചി മണിയാച്ചി അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ (ട്രെയിന്‍ നമ്പര്‍ 06671), തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 20666) എന്നിവ റദ്ദാക്കിയ ട്രെയ്‌നുകളില്‍ പെടുന്നു.

 

Latest News