ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ഇതുവരെ ഇരുസംസ്ഥാനങ്ങളിലുമായി 81 പേര്‍ മരണപ്പെട്ടതായാണ് വിവരം. ഏതാനും ദിവസങ്ങള്‍കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
മഴക്കെടുതിയില്‍ ഹിമാചല്‍പ്രദേശില്‍ മാത്രം 71 പേര്‍ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓംകാർ ചന്ദ് ശര്‍മ്മ പി.ടി.ഐയോടു പറഞ്ഞു. സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കാന്‍ഗ്ര ജില്ലയിലെ ഇന്‍ഡോറ, ഫത്തേപൂര്‍ സബ് ഡിവിഷനുകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് 1,731 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി. വ്യോമസേനാ ഹെലികോപ്റ്ററുകള്‍, കരസേനാ ഉദ്യോഗസ്ഥര്‍, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ സഹായത്തോടെ പ്രളയബാധിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം, ഉത്തരാഖണ്ഡിലെ ലക്ഷ്മണ്‍ ജില്ലയിലെ റിസോര്‍ട്ടിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദമ്പതികളുടെയും മകന്റെയും ഉള്‍പ്പെടെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മഴക്കെടുതിയില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. അംസൗറില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പൗരി-കോട്ദ്വാര്‍-ദുഗദ്ദ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പിപാല്‍കോട്ടി ഭരേന്‍പാനിക്കുസമീപം ഋഷികേശ്-ബദ്രിനാഥ് ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയതായി സംസ്ഥാന ദുരന്തനിയന്ത്രണകേന്ദ്രം അറിയിച്ചു.