Sunday, November 24, 2024

സംസ്ഥാനത്ത് അതിതീവ്ര മഴ: ഇന്ന് മന്ത്രിസഭാ യോഗം ചേരും; ആശങ്ക വേണ്ടെന്ന് സർക്കാർ

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നുമുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മഴക്കെടുതി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇതിനോടകം കലക്ടർമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ 12 ജില്ലകളിൽ മഴ മുന്നറിയപ്പുകള്‍ നല്‍കിയിട്ടുണ്ട്. കൊല്ലത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല; എന്നാൽ പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊച്ചി, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. ഇതേ തുടര്‍ന്നാണ് മന്ത്രിസഭയാഗം ചേരുന്നത്.

മഴക്കെടുതിക്കു പുറമെ, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിനിടെ, നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ ഒഴുക്കിൽപെട്ടു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകക്കു താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപെട്ടത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Latest News