റഷ്യ നടത്തുന്ന ഷെല്ലാക്രമണവും കനത്ത മഞ്ഞുവീഴ്ചയും ഉക്രെയ്നിലെ ജനങ്ങളെ വലയ്ക്കുകയാണ്. യുക്രെയ്നിലെ കിഴക്കൻ, തെക്കൻ പ്രവിശ്യകളിൽ റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ഒപ്പം കടുത്ത ശൈത്യത്തിൽ വൈദ്യുതി, ജല വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ പെടാപ്പാടുപെടുന്നതിനിടെയുള്ള ആക്രമണം ഇരുട്ടടിയായി മാറുന്നു.
മിക്ക പ്രദേശങ്ങളും മഞ്ഞിനടിയിലാണ്. ഇന്ധനക്ഷാമം മൂലം വീടുകളിൽ ഹീറ്റിങ് സംവിധാനം പ്രവർത്തിപ്പിക്കാനാകാത്ത സാഹചര്യത്തിലും. ഒപ്പം കനത്ത മഴയും ദുരിതം കൂട്ടുന്നു. താപനില മിക്കയിടത്തും മൈനസ് ഡിഗ്രി ആണ്. ഇതിനു പുറമെയാണ് ഷെല്ലാക്രമണവും നടക്കുന്നത്. ഡോണെറ്റ്സ്കിൽ നടന്ന ഷെല്ലാക്രമണത്തിൽ അഞ്ചു പേരും ഹർകീവിൽ ഒരാളും കൊല്ലപ്പെട്ടു. ഹേഴ്സനിൽ ആക്രമണം കനത്തതോടെ ജനം പലായനം തുടങ്ങി. ഇതേസമയം, സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യ ഉപേക്ഷിക്കാനുള്ള ഒരുക്കം നടക്കുന്നതായി യുക്രെയ്ൻ ആണവോർജ സ്ഥാപനമായ എനർഗോആറ്റമിന്റെ തലവൻ പെട്രോ കോട്ടിൻ അറിയിച്ചു.