നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു. 2023 ഫെബ്രുവരി 15 മുതല്‍ ഇത് നടപ്പിലാകും. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുകയും ചെയ്തു.
2021 ഒക്ടോബര്‍ 25ന് കരട് വിജ്ഞാപനമിറക്കി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോള്‍ അന്തിമ ഉത്തരവിറക്കിയത്. നാലുവയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തേതന്നെ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
കുട്ടികളുടെ ഹെല്‍മെറ്റും സുരക്ഷാബെല്‍റ്റും (സേഫ്റ്റി ഹാര്‍നെസ്) എങ്ങനെയുള്ളതായിരിക്കണമെന്നും കരടുചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെല്‍മെറ്റ്, അല്ലെങ്കില്‍ സൈക്കിള്‍ ഹെല്‍മെറ്റാണ് ധരിക്കേണ്ടത്.
കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ട് സ്ട്രാപ്പുകളാല്‍ ബന്ധിപ്പിക്കുന്ന സുരക്ഷാബെല്‍റ്റാണ് ഉപയോഗിക്കേണ്ടത്. കുട്ടിയെ ഓവര്‍കോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ചശേഷം അതിന്റെ ബെല്‍റ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം. ബെല്‍റ്റ് മുറുക്കംകൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതായിരിക്കണം. കനം കുറഞ്ഞതും ഈടുനില്‍ക്കുന്നതും വെള്ളം കയറാത്തതുമായ സേഫ്റ്റി ഹാര്‍നെസിന് 30 കിലോഗ്രാംവരെ വഹിക്കാന്‍ സാധിക്കണം, നൈലോണ്‍ കുഷ്യനും വേണം.