Monday, November 25, 2024

ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍; 25 ശതമാനത്തോളം വര്‍ദ്ധനവ് ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി

ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം 25 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ആപ്പിള്‍ മറ്റൊരു വിജയകഥയാണെന്നും ആപ്പിള്‍ നിലവില്‍ ഇന്ത്യയില്‍ ഇതിനകം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ നിര്‍മ്മാണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച പുതിയ മോഡലുകള്‍ ഇപ്പോള്‍ അവര്‍ക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതി ഒരു ബില്യണ്‍ ഡോളറിലെത്തിയിരുന്നു. നിലവില്‍ ആപ്പിള്‍ കമ്പനി അഞ്ച് ശതമാനത്തോളം ഉത്പാദനം ചൈനയ്ക്ക് പുറത്താണ് നിര്‍മ്മിക്കുന്നത്. 2025-ഓടെ ആപ്പിള്‍ ഉത്പന്നങ്ങളുടെ നാലിലൊന്ന് ചൈനയ്ക്ക് പുറത്താകും നിര്‍മ്മിക്കുകയെന്നാണ് പ്രവചനം.

ടാറ്റ ഗ്രൂപ്പ് രാജ്യത്ത് ഐഫോണ്‍ നിര്‍മ്മിക്കുമെന്ന് സുപ്രധാന തീരുമാനവും അടുത്തിടെയുണ്ടായിരുന്നു. തായ്വാന്‍ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ്പിന്റെ ബംഗളൂരു യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. ഇതോടെ ഇന്ത്യ അസാധാരണ നേട്ടം കൈവരിക്കും. പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.

 

 

Latest News