ലോകത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ തുടര്‍ച്ചയായ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലനില്‍പ്പിനു പോലും ഭീഷണിയുയര്‍ത്തുന്ന തലത്തിലുള്ള പീഡനങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു. കത്തോലിക്കാ സഭയിലെ ആദ്യ രക്തസാക്ഷിയായ വി. എസ്തപ്പാനോസിന്റെ കാലം മുതലിങ്ങോട്ട് ഇന്നുവരേയും ക്രൈസ്തവരെന്ന വിഭാഗം പീഡനങ്ങള്‍ക്ക് വിധേയരാകുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയും അടുത്തിടെ പറയുകയുണ്ടായി.
മതസ്വാതന്ത്ര്യം അത്ഭുതകരമായ രീതിയില്‍ കുറഞ്ഞു വരുന്നതായി അടുത്തിടെ പുറത്തുവന്ന പല ആഗോള റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദകാലത്തെ കണക്കെടുത്താല്‍ ക്രൈസ്തവര്‍ ഏറ്റവും ഭീകരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഉത്തര കൊറിയ, സൊമാലിയ, യെമന്‍, എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, സുഡാന്‍, ഇന്ത്യ എന്നിവിടങ്ങള്‍.
ലോകത്തിലെ തന്നെ പകുതിയിലധികം ആളുകളും ജീവിക്കുന്നത് മതപീഡനങ്ങള്‍ ഉള്ള രാജ്യങ്ങളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൈജീരിയ, ലിബിയ, മൊസാബിക്, നിക്വാരാഗ്വ എന്നിവിടങ്ങളിലാണ് ക#ിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങള്‍ അതിഭീകരമായ രീതിയിലുള്ളത്.
നൈജീരിയ
നൈജീരിയയിലെ വംശീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നായി രാജ്യത്തെ മാറ്റി. ക്രിസ്മസ് വാരാന്ത്യത്തില്‍ നൈജീരിയയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇരുന്നൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.
മൂന്ന് മാസം മുമ്പ്, സെപ്റ്റംബറില്‍, രണ്ട് വ്യത്യസ്ത പള്ളികളില്‍ നടന്ന ആക്രമണത്തില്‍ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററെയും മറ്റ് 80 ലധികം ക്രിസ്ത്യാനികളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പള്ളികളിലൊന്ന് വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലും മറ്റൊന്ന് വടക്ക്-മധ്യ നൈജീരിയയിലുമാണ് സ്ഥിതി ചെയ്യുന്നത്.
2021 ലും 2022 ലെ ആദ്യ മൂന്ന് മാസങ്ങളിലും നൈജീരിയയില്‍ നടന്ന ആക്രമണങ്ങളില്‍ 5,000-ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2023-ല്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണ്ണമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല.
ലിബിയ
ലിബിയയില്‍ ക്രിസ്തുമതം പ്രസംഗിക്കുന്നത്, പ്രത്യേകിച്ച് മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണ്. ഏപ്രിലില്‍, ക്രിസ്തുമതം പ്രസംഗിച്ചതിന് ആറ് ലിബിയക്കാരും രണ്ട് അമേരിക്കക്കാരും ഒരു പാകിസ്ഥാനിയും ലിബിയയില്‍ അറസ്റ്റിലായി.
മൊസാംബിക്ക്
മൊസാംബിക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ക്രിസ്ത്യന്‍ സ്ത്രീകളെ ലൈംഗിക അടിമകളായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ചിലരെയും ഭീകരര്‍ കൊലപ്പെടുത്തുന്നുണ്ട്.
നിക്കരാഗ്വ
പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യം കത്തോലിക്കാ സ്‌കൂളുകളും കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കൊണ്ട് കത്തോലിക്കാ സഭയെ ആസൂത്രിതമായി പീഡിപ്പിച്ചു. ഭരണകൂടം വൈദികരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബറില്‍, ക്രിസ്മസിന് തൊട്ടുപിന്നാലെ, നാല് കത്തോലിക്കാ പുരോഹിതന്മാരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.