Monday, November 25, 2024

ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ നാലു സന്യസ്തരെയും ഒരു അധ്യാപകനെയും വിട്ടയച്ചു

ഫെബ്രുവരി 23 ന് ഹെയ്തിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നാല് സേക്രഡ് ഹാര്‍ട്ട് സഹോദരന്മാരെയും ഒരു അധ്യാപകനെയും വിട്ടയച്ചു. ഇവര്‍ക്കൊപ്പം തട്ടികൊണ്ട് പോകപ്പെട്ട രണ്ടുപേര്‍ ഇപ്പോഴും സായുധ സംഘത്തിന്റെ തടവില്‍ തുടരുകയാണ്. സേക്രഡ് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ആണ് അഞ്ചുപേരെ മോചിപ്പിച്ച വിവരം പുറത്തുവിട്ടത്.

‘ഞങ്ങളുടെ പ്രാര്‍ഥനയും മോചനത്തിനായുള്ള അഭ്യര്‍ത്ഥനയും ഇനിയും അവസാനിച്ചിട്ടില്ല, കാരണം സഹോദരങ്ങളായ പിയറി ഐസക് വാല്‍മ്യൂസും ആദം മോണ്ട്‌ക്ലൈസണ്‍ മാരിയസും ഇപ്പോഴും തടവിലാണ്’ കോണ്‍ഗ്രിഗേഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 23 ന് ഇവര്‍ ജോലി ചെയ്യുന്ന പോര്‍ട്ട്-ഓ-പ്രിന്‍സ് ഡൗണ്ടൗണിലെ സ്‌കൂളിലേക്കുള്ള യാത്രാ മദ്ധ്യേ ആണ് സായുധ സംഘം തട്ടികൊണ്ട് പോയത്. ഇവരുടെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെട്ടതായും പിന്നീട് കോണ്‍ഗ്രിഗേഷന്‍ അറിയിച്ചിരുന്നു.

രാജ്യത്തിന്റെ വലിയ ഭാഗങ്ങളും തലസ്ഥാനത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ പ്രധാന ബിസിനസ്സായി മാറിയിരിക്കുകയാണ് തട്ടികൊണ്ട് പോകലുകള്‍. സന്യസ്തരെയും വൈദികരെയും ലക്ഷ്യം വച്ചുള്ള തട്ടികൊണ്ട് പോകലുകള്‍ക്കു പിന്നില്‍ മോചനദ്രവ്യത്തിനായുള്ള ശ്രമങ്ങളാണെന്നു അടുത്തിടെ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അതിക്രമങ്ങളും അനുദിനം ഹെയ്തിയില്‍ വര്‍ധിച്ചു വരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 18-ന് പോര്‍ട്ട് ഓ പ്രിന്‍സിലുണ്ടായ സ്ഫോടനത്തില്‍ അന്‍സെ-ഇ-വൗ മിറാഗോണിലെ മെത്രാന്‍ പിയറി ആന്ദ്രേ ഡുമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. ബിഷപ്പ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ആശുപത്രിയില്‍ ചികിത്സ നടത്തിവരുകയാണ് ഇപ്പോള്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ജനുവരിയില്‍ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ തട്ടിക്കൊണ്ടുപോയ സെന്റ് ആന്‍സ് സഭയിലെ ആറ് കന്യാസ്ത്രീകള്‍ക്ക് പകരമായി മെത്രാന്‍ ബന്ദിയായി സ്വയം വാഗ്ദാനം ചെയ്തിരുന്നു. ഈ സഹോദരിമാരുടെ മോചനത്തിനായി ഫ്രാന്‍സിസ് പാപ്പായും അപേക്ഷ നടത്തിയിരുന്നു. ഭയത്താല്‍ നിശ്ശബ്ദരാക്കപ്പെടുന്ന ഹെയ്തിയന്‍ ജനത ഭരണകൂടത്തിന്റെ പരാജയമാണെന്ന് പിയറി ആന്ദ്രേ ഡുമസ് പിതാവ് പറഞ്ഞിരുന്നു.

 

Latest News