ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ലിറ്റാനി നദിക്കപ്പുറത്തേക്ക് തങ്ങളുടെ സായുധ അംഗങ്ങളെ പിൻവലിക്കാൻ തയ്യാറാണെന്ന് ഹിസ്ബുള്ള അറിയിച്ചതായി ലെബനനിലെ എം. ടിവി റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ള സൈനികരഹിതമേഖല സ്ഥാപിക്കാനും തങ്ങളുടെ എല്ലാ ആയുധങ്ങളും നദിക്കപ്പുറത്തേക്കു മാറ്റാനും സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ഇനി നേരിട്ട് ഇടപെടില്ലെന്നും ഹിസ്ബുള്ള അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം.
മൂന്നുദിവസത്തെ വെടിനിർത്തലിന്റെ കരട് ലെബനനിൽ ചർച്ച ചെയ്യുകയാണെന്നും വരുംദിവസങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർ അത് ഇസ്രായേലിനു സമർപ്പിക്കുമെന്നും എം. ടിവി ലെബനൻ അഭിപ്രായപ്പെട്ടു. നെതന്യാഹുവിന്റെ നിലപാടിൽ ഒരു മാറ്റം അനുഭവപ്പെട്ടതായി പ്രദേശത്തെ ബൈഡൻ ഭരണകൂടത്തിന്റെ പ്രതിനിധി അമോസ് ഹോച്ച്‌സ്റ്റീൻ ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റിയോടു പറഞ്ഞു. ഈ മാറ്റമാണ് കരാറിൽ പ്രതീക്ഷ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.