ഹിസ്ബുള്ളയുടെ റോക്കറ്റ് മേധാവി ഇബ്രാഹിം മുഹമ്മദ് കബിസിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെയ്റൂട്ടിൽ വെച്ച് കൊലപ്പെടുത്തിയാതായി ഇസ്രായേൽ. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനിടെയാണ് ഇയാൾ കൊല്ലപ്പെടുന്നത്. ആറുപേരാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
2000-ൽ ഹിസ്ബുള്ള ഭീകരർ ബെന്യാമിൻ (ബെന്നി) അവ്രഹാം, ആദി അവിതൻ, ഒമർ സവൈദി എന്നീ സൈനികരെ തട്ടികൊണ്ട് പോകുകയും കൊലപ്പെടുത്തുകയും ചെയ്‌ത സംഭവം ആസൂത്രണം ചെയ്തത് കബിസി ആയിരുന്നു. ഈ സൈനികരെ തട്ടികൊണ്ട് പോയതിനു നാലുവർഷങ്ങൾക്ക് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം ഇസ്രായേലിലേക്ക് അയക്കുകയുമായിരുന്നു ഭീകരർ അന്ന് ചെയ്തത്.
തീവ്രവാദ ഗ്രൂപ്പിൻ്റെ വിവിധ മിസൈൽ യൂണിറ്റുകളുടെ തലവനായിരുന്ന കബിസി, മുൻ വർഷങ്ങളിലും സമീപകാല യുദ്ധത്തിലും ഇസ്രായേൽ ഹോം ഗ്രൗണ്ടിൽ മിസൈൽ വർഷിക്കുന്നതിനു പ്രധാന പങ്കു വഹിച്ചിരുന്നു എന്ന് ഐഡിഎഫ് വ്യക്തമാക്കി. 80 കളിൽ ഹിസ്ബുള്ളയിൽ ചേർന്ന കബിസി, ഐഡിഎഫ് സൈനികർക്കും ഇസ്രായേൽ പൗരന്മാർക്കുമെതിരായ പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തിരുന്നു.
കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ഗാസയിൽ നടത്തിപ്പോരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ലെബനനിൽ ആക്രമണം കടുപ്പിച്ചത്. കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിൽ ഹിസ്‌ബുള്ളയുടെ എലൈറ്റ് സൈനിക വിഭാഗമായ റെദ്വാൻ സേനയുടെ തലവൻ ഇബ്രാഹിം അഖീലും കൊല്ലപ്പെട്ടിരുന്നു.