വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് സമരക്കാരോട് ഹൈക്കോടതി നിര്‍ദേശം. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ തടസമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.
ജസ്റ്റിസ് അനു ശിവരാമന് ബെഞ്ചിന്റേതാണ് ഉത്തരവ്. തുറമുഖ നിര്‍മാണത്തിന് തടസങ്ങള്‍ സൃഷ്ടിക്കുന്നെന്നും സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ഉള്‍പ്പെടെ ഹൈക്കോടതി മുന്‍പ് ആവശ്യപ്പെട്ടിരുന്നു. നിര്‍മാണസ്ഥലത്തേക്ക് വാഹനമെത്തിക്കുന്നതിന് ഉള്‍പ്പെടെ തടസമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് കോടതിയില്‍ വാദിച്ചിരുന്നത്. പൊലീസ് നിഷ്ക്രിയമാണെന്നും അദാനി ഗ്രൂപ്പ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു. എം ഡി കുടാലെ അധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതില്‍ സമരസമിതി പ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടില്ല. ഡോ. റിജി ജോണ്‍, തേജല്‍ കാണ്ടികാര്‍, ഡോ. പികെ ചന്ദ്രമോഹന് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സമരസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി വിദഗ്ധസംഘം പഠനം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.