അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് കോടതി. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയാല്‍ നടപടി സ്വീകരിക്കും. ഒരു ഓണ്‍ലൈന്‍ ചാനലിന്റെ രണ്ട് ജീവനക്കാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
വ്യക്തികള്‍ക്കോ മാധ്യമങ്ങള്‍ക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. കൃത്യമായ കാരണമില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പോലും ഈ അവകാശമില്ല. തടയാന്‍ നിയമമില്ലെങ്കില്‍ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും കോടതി വാക്കാല്‍ പറഞ്ഞു.
സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ മനുഷ്യന്‍ മറന്നാലും വിവരങ്ങള്‍ ഇന്റര്‍നെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല. ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്ന അപകീര്‍ത്തികരമോ അധിക്ഷേപകരമോ ആയ പരാമര്‍ശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തില്‍ മായാത്ത പാടായി നിലനില്‍ക്കും. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കണം.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെക്കാള്‍ അശ്ലീലം എഴുതി വിടുന്നതാണ് ശീലം. ഒരു വിഭാഗം ആളുകള്‍ ഇവയൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നുമുണ്ട്. ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. ചിലരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.