Monday, November 25, 2024

പമ്പയിലേയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് കർശന നിർദ്ദേശം നൽകി ഹൈക്കോടതി

പമ്പയിലേയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അലങ്കരിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ബസ് അലങ്കരിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് നടത്തിയ സ്‌പെഷ്യൽ സിറ്റിങ്ങിലാണ് ഉത്തരവ്. ബസിലെ അലങ്കാരങ്ങൾ മാറ്റാൻ കോടതി നിർദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.

മണ്ഡലകാലം തുടങ്ങി മൂന്ന് ദിവസത്തിനകം രണ്ട് അപകടമാണ് നടന്നത്. അതിനാൽ അലങ്കാരങ്ങൾ ഒഴിവാക്കണമെന്ന് കർശനമായി കോടതി നിർദേശിക്കുകയായിരുന്നു. തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. ചിറയിൻകീഴ് ഡിപ്പോയിലെ കെഎസ്ആർടിസി ബസ് അലങ്കരിച്ച സംഭവത്തിലാണ് കോടതി നടപടി.

ശബരിമലയിലേയ്ക്കുളള ആദ്യ സർവീസ് നടത്തുമ്പോഴാണ് ബസ് വലിയ തോതിൽ അലങ്കരിച്ചത്. ശബരിമല ദർശനത്തിന് ഭക്തൻമാരുമായി പോകുന്ന വാഹനങ്ങൾ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി നിർദേശിച്ചു. മോട്ടോർ വാഹനവകുപ്പ് കർശനമായി നിയമം പാലിക്കണമെന്നും കോടതി. തിങ്കളാഴ്ച ദേവസ്വം ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.

Latest News