Monday, November 25, 2024

വെക്കേഷൻ ക്ലാസുകളുടെ പേരിൽ വേനൽ അവധി തടയാനാവില്ലെന്ന് ഹൈക്കോടതി

വെക്കേഷൻ ക്ലാസുകളുടെ പേരിൽ വിദ്യാർഥികളുടെ വേനൽക്കാല അവധി തടയാനാവില്ലെന്ന് ഹൈക്കോടതി. കുട്ടികൾ ഒഴിവുകാലം ആസ്വദിക്കട്ടെയെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അവധിക്കാല ക്ലാസുകൾ വിലക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിന് നേരത്തെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ ഇതിനി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

11-ാം ക്ലാസുകാർക്കായി അവധിക്കാല ക്ലാസുകൾ നടത്താമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവിനോട് വിയോജിക്കുന്നതായി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അക്കാദമിക് വർഷത്തിന് ശേഷം ഇടവേള അനിവാര്യമാണ്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ ഇടവേള നൽകണം. അത് അത്യാവശ്യമായ ഒന്നാണ്. അതിനാൽ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പുനപരിശോധന ആവശ്യമായതിനാൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് വ്യക്തമാക്കിയ കോടതി അടിയന്തര പരിഗണനക്കായി വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ രജിസ്ട്രറിക്ക് നിർദ്ദേശവും നൽകി.

Latest News