ജീവിതപങ്കാളിയില്‍ നിന്നും ലൈംഗികവൈകൃതം നേരിടേണ്ടി വരുന്നവര്‍ക്ക് ഇക്കാരണം ചൂണ്ടിക്കാട്ടി വിവാഹമോചന ഹര്‍ജി നല്‍കാമെന്ന ഓര്‍മപ്പെടുത്തലുമായി ഹൈക്കോടതി. ഭാര്യയുടെ അടുത്ത് ലൈംഗികവൈകൃതം കാണിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ അമിത് റാവല്‍, സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലൈംഗിക വൈകൃതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ദന്പതികള്‍ക്കിടയില്‍ ഉണ്ടായാല്‍ അത് വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമാണ്.
ഭര്‍ത്താവ് തന്നെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കിയെന്നും അശ്ലീല സിനിമകളിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിച്ചെന്നും കാട്ടി എറണാകുളം സ്വദേശിനി നല്‍കിയ വിവാഹമോചന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
വിവാഹമോചനം നല്‍കണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ലൈംഗികവൈകൃതത്തെ എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇവരുടെ ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് കോടതിക്ക് ബോധ്യമായതോടെ വിവാഹമോചനത്തിന് അനുമതി നല്‍കുകയായിരുന്നു.